ന്യൂഡൽഹി: പിണറായി സർക്കാരിനെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇന്ധനവില വർദ്ധനയുടെ അമിതഭാരം ജനങ്ങൾക്കുമേൽ വീഴാതിരിക്കാൻ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ട് തവണ കുറച്ചെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതി കുറച്ചില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിനു നേരെ ആരോപണമുയർത്തുന്ന പ്രതിപക്ഷ സംസ്ഥാനങ്ങളാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും നിർമല വിമർശിച്ചു.
കേന്ദ്ര സർക്കാർ ജൂണിലും നവംബറിലും രണ്ട് ഘട്ടമായി എക്‌സൈസ് തീരുവ കുറച്ചിരുന്നു. എന്നാൽ ചില സംസ്ഥാനങ്ങൾ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ വാറ്റ് കുറച്ചില്ല. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ അധികാരമേറ്റയുടനെ മൂന്ന് രൂപ വീതമാണ് വാറ്റ് കൂട്ടിയത്. കേരളം ഈ മാസം സാമൂഹികസെസും പ്രഖ്യാപിച്ചിരിക്കുകയാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
കേന്ദ്ര സർക്കാർ വോട്ടുബാങ്ക് രാഷ്‌ട്രീയം പ്രയോഗിക്കാറില്ലെന്നും ഒരു വിഭാഗത്തോടും വിവേചനമില്ലെന്നും ധനമന്ത്രി പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതിയ്‌ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചെന്ന വാദം ശരിയല്ലെന്നും അവർ പ്രതികരിച്ചു. ആവശ്യങ്ങൾക്കനുസരിച്ച് പണം അനുവദിക്കുന്ന രീതിയാണ് പദ്ധതിയിലെന്നും ധനമന്ത്രി പറഞ്ഞു.
ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാൻമന്ത്രി ആവാസ് യോജന, ജൽജീവൻ മിഷൻ എന്നീ പരസ്പരബന്ധിത പദ്ധതികൾക്കാണ് പണം അനുവദിച്ചിരിക്കുന്നതെന്നും നിർമലാ സീതാരാമൻ സൂചിപ്പിച്ചു. ലോക്‌സഭയിൽ പൊതുബജറ്റിനെ കുറിച്ച് നടന്ന ചർച്ചയ്‌ക്ക് മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.