ഇസ്രായേലിലേക്ക് പോയ സംഘത്തിൽ ആറ് പേരെ കൂടി കാണാതായെന്ന് റിപ്പോർട്ട്. ആധുനിക കൃഷി രീതി പഠിക്കാൻ കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് പോയ സംഘത്തിലെ ഇരിട്ടി സ്വദേശിയെ കാണാതായതിന് പിന്നാലെയാണിത്. തീർത്ഥാടന യാത്രയ്‌ക്ക് പോയ സംഘത്തിലെ ആളുകളെയാണ് പുതിയതായി കാണാതായത്.
നാലാഞ്ചിറയിലെ പുരോഹിതനോടൊപ്പമാരുന്നു സംഘം ഇസ്രായേലിലേക്ക് തീർത്ഥാടന യാത്ര തിരിച്ചത്. കാണാതായവരിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് പരാതി. ഡിജിപിക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇസ്രായേലിലെ കൃഷി രീതി പഠിക്കാൻ പോയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് സംഭവം.
തീർത്ഥാടക സംഘത്തിൽ കാണാതായവർ എല്ലാം 50 വയസിന് മുകളിൽ ഉള്ളവരാണ്. ഫാദർ ജോർജ്ജ് ജോഷ്വാ ആയിരുന്നു തീർത്ഥാടനത്തിന് നേതൃത്വം നൽകിയത്. ഫെബ്രുവരി എട്ടിനായിരുന്നു ഇവർ ഇന്ത്യയിൽ നിന്ന് പുറപ്പെട്ടതെന്ന് വൈദികൻ അറിയിച്ചു. തുടർന്ന് ഫെബ്രുവരി 11ന് ഇസ്രായേലിൽ എത്തി. നാലാം ദിവസം വൈകിട്ട് ടൂർ സൈറ്റിൽ നിന്ന് മൂന്ന് പേരെയും, പിറ്റേന്ന് പുലർച്ചെ ഹോട്ടലിൽ നിന്ന് മൂന്ന് പേരെയും കാണാതായി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി സ്വദേശികളെയാണ് കാണാതായത്.
സംഭവത്തിന് പിന്നാലെ എമിഗ്രേഷൻ പോലീസിൽ പരാതി നൽകി. ലോക്കൽ പോലീസിലും പരാതി സമർപ്പിച്ചു. പാസ്‌പോർട്ടുകൾ പോലുമില്ലാതെയാണ് ആറ് പേരും മുങ്ങിയതെന്ന് വൈദികൻ അറിയിച്ചു. ആകെ 27 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.