തൃശ്ശൂർ : പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ മതമേലദ്ധ്യക്ഷന്മാരെയും ആത്മീയകേന്ദ്രങ്ങളെയും കാതോലിക്കാബാവ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കഴിഞ്ഞദിവസം പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തിയത്. ആശ്രമ അങ്കണത്തിൽ കാതോലിക്കാബാവ വൃക്ഷത്തൈ നടുകയും ചെയ്തു.
ഭാരതത്തിന്റെ അഭിമാനമാണ് സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിന്റെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സ്മരണാർത്ഥം സ്ഥാപിതമായിട്ടുള്ള ഈ ആശ്രമം ആദ്ധ്യാത്മിക പ്രകാശം പരത്തുന്നതും മതസൗഹാർദത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്നതുമായ ഇടമാണ്. ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിച്ചേരാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നുവെന്ന് കാതോലിക്കാബാവ പറഞ്ഞു. ആശ്രമത്തിന്റെ ചൈതന്യവും സത്തയും ഭാരതത്തിൽ മാത്രമല്ല സർവ്വലോകത്തിനും നന്മ വിതറുന്നതും പ്രകാശം ചൊരിയുന്നതും ആയി തീരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇവിടെ എത്തിയപ്പോൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണം ഓർത്തഡോക്‌സ് സഭയുടെ മുഴുവൻ വിശ്വാസികൾക്കും നൽകിയ സ്വീകരണമായി ഞാൻ സ്വീകരിക്കുന്നുവെന്നും കാതോലിക്കാബാവ കൂട്ടിച്ചേർത്തു
ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ആശ്രമം സന്ദർശിച്ച് അംഗങ്ങളെയും ആശ്രമത്തിന്റെ പ്രവർത്തനങ്ങളെയും ആശിർവദിച്ച് അനുഗ്രഹിക്കുന്നത് ഒരു ചരിത്രസംഭവം ആണെന്നും കാതോലിക്കാ ബാവയുടെ എല്ലാ സംരംഭങ്ങളും ആത്മീയ നേതൃത്വവും ഓർത്തഡോക്‌സ് സഭയ്‌ക്ക് മാത്രമല്ല ഇതര സഭകൾക്കും എല്ലാ മതങ്ങൾക്കും ബലവും ശക്തിയും പകരുമെന്നും ആശ്രമം മഠാധിപതി സ്വാമി സദ് ഭവാനന്ദ പറഞ്ഞു. കാതോലിക്കാ ബാവയ്‌ക്കൊപ്പം പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാനത്മജനന്ദ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും പങ്കെടുത്തു.