ദില്ലി: പാർലമെൻറിനകത്തും പുറത്തും ഭരണപക്ഷം തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി. നിലപാടിൽ വ്യക്തത വരുത്താനായി ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കണം. സാമാന്യ നീതി തനിക്ക് നിഷേധിക്കപ്പെടുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്പീക്കർക്ക് രാഹുൽ എഴുതിയ കത്ത് കോൺഗ്രസ് പുറത്തുവിട്ടു.
ഭരണപ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്‍റ് നടപടികള്‍ ഇന്നലെയും തടസപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചെങ്കിലും ചര്‍ച്ച അനുവദിച്ചില്ല.
രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്നും നടപടി വേണമെന്നും സഭ ചേരുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആവശ്യപ്പെട്ടു. വിദേശത്ത് നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്നാണ് ഭരണപക്ഷത്തിന്‍റെ പുതിയ ആവശ്യം. നിലവില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ അവകാശ സമിതിയുടെ നടപടികള്‍ പുരോഗമിക്കുകയുമാണ്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം ജെപിസി അന്വേഷണം വേണമെന്ന അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടു. ബഹളം കനത്തതോടെ ക്രുദ്ധനായ സ്പീക്കര്‍ അംഗങ്ങളെ ശാസിച്ചെങ്കിലും നടപടികള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.