കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താത്കാലിക വി.സിയായി ഡിജറ്റൽ സർവകലാശാല വി.സിയായിരുന്ന ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. നിലവിലെ വി.സി സിസ തോമസ് സർവീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. സർക്കാർ നൽകിയ പാനലിൽ നിന്നാണ് സജി ഗോപിനാഥിനെ ഗവർണർ നിയമിച്ചത്.
സിസ തോമസ് വിരമിക്കുമ്പോൾ പകരം വി.സിയെ നിയമിക്കുന്നതിന് സർക്കാരിനോട് ഗവർണർ പാനൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൂന്ന് പേരടങ്ങുന്ന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകുകയും ചെയ്തു. പട്ടികയിൽ ഒന്നാമത്തെ പരിഗണന സജി ഗോപിനാഥിനായിരുന്നു. തുടർന്ന് ഈ പട്ടികയിൽ നിന്ന് ഗവർണർ സജി ഗോപിനാഥിനെ സാങ്കേതിക സർവകലാശാലയുടെ താത്കാലിക വി.സിയായി നിയമിച്ചു. സജി ഗോപിനാഥ് ശനിയാഴ്ചയാണ് ചുമതലയേൽക്കുക.
അതേസമയം കെടിയു താത്കാലിക വിസിയായി സേവനമനുഷ്ഠിച്ചിരുന്ന സിസ തോമസ് ഇന്ന് സർക്കാരിന് മുന്നിൽ ഹാജരാകില്ല. വിരമിക്കുന്ന ദിവസം ആയതിനാൽ തിരക്കാണെന്ന് ഇവർ സർക്കാരിനെ അറിയിച്ചു. അനുമതിയില്ലാതെ വിസി സ്ഥാനം ചുമതലയേറ്റതിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിരമിക്കുന്ന ദിവസമായതിനാൽ അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാരണത്താൽ ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകാൻ കഴിയില്ലെന്ന് സിസ തോമസ് വ്യക്തമാക്കി. നാളെ മുതൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും സിസ സർക്കാരിനെ അറിയിച്ചു.