കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹരിത കർമസേന കേരളത്തിലെ എല്ലാ വാർഡുകളിലും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ യൂസർഫീ നൽകാൻ ആളുകൾ മടികാണിക്കുന്നതിന്റെ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യകളും അജൈവ മാല്യന്യങ്ങളും ശേഖരിക്കുന്നതിന് അതത് തദ്ദേശഷ സ്ഥാപനങ്ങൽ പ്രവർത്തകർക്ക് യൂസർഫീ തീരൂമാനിച്ച് നൽകണം. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ചായിരിക്കും യൂസർ ഫീ തീരുമാനിക്കുന്നത്. 50 മുതൽ 100 രൂപവരെയാണ് പ്രതിമാസ യൂസർഫീ. എന്നാൽ ഈ യൂസർഫീ നൽകാൻ ആളുകൾ തയ്യാറാകുന്നില്ലെന്നും മാലിന്യ ശേഖരണത്തിന് കൃത്യമായി പ്രവർത്തകർ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യൂസർ ഫീ നൽകുന്നതിൽ കുടിശ്ശിക വന്നാൽ അത് കെട്ടിട നികുതിയിൽ ഉൾപ്പെടുത്തി ഈടാക്കാനാണ് തീരുമാനം. ഇത് എല്ലാവർക്കും ബാധകമാണ്. ഇതിൽ ഏതെങ്കിലും വിഭാഗത്തിനെ ഒഴിവാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. യൂസർഫീ നൽകാത്തവർക്ക് ഹരിത കർമസേനയുടെ സേവനം നിഷേധിക്കാവുന്നതാണ്. സ്വന്തമായി വസ്തു ഉള്ളവർക്കുപോലും അജൈവ മാലിന്യങ്ങൾ വലിച്ചെറിയാനും കുഴിച്ചിടാനും നിലവിൽ വ്യവസ്ഥയില്ല. നിലവിൽ കേരളത്തിൽ 30,000 ഹരിത കർമസേന അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.