ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അമിത് ഷാ. എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ മറ്റുള്ളവർക്ക് പങ്കില്ലെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് സ്വാതന്ത്ര്യലബ്ധിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഡൽഹിയിൽ പറഞ്ഞു.
സഞ്ജീവ് സന്യാൽ രചിച്ച ‘റവല്യൂഷണറികൾ: ദി അദർ സ്റ്റോറി ഓഫ് ഇന്ത്യ വോൺ ഇറ്റ്സ് ഫ്രീഡം'(Revolutionaries: The other story of how India won its freedom) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഷായുടെ പരാമർശം. ചടങ്ങിൽ സവർക്കറെയും പരാമർശിച്ച ആഭ്യന്തരമന്ത്രി സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളെ വിവരിച്ചു.
‘സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവർക്ക് പങ്കില്ലെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ വിശകലനം ചെയ്താൽ, നിരവധി ആളുകളും സംഘടനകളും പ്രത്യയശാസ്ത്രങ്ങളും പാതകളും ഒരു ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം ഇതിന്റെയെല്ലാം കൂട്ടായ ഫലമാണ്’- അദ്ദേഹം പറഞ്ഞു.
‘പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ സ്വാതന്ത്ര്യ സമരത്തിന് മറ്റൊരു കഥ കൂടിയുണ്ട്. ഒരു കഥ മാത്രമേ പൊതുസമൂഹത്തിന് അറിയൂ. ചരിത്ര രചനയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഈ വീക്ഷണം പൊതുസമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ടു. അഹിംസാത്മക സമരത്തിന് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലെന്നോ, ചരിത്രത്തിന്റെ ഭാഗമല്ലെന്നോ ഞാൻ പറയുന്നില്ല.’ – ഷാ കൂട്ടിച്ചേർത്തു.