ബംഗലൂരു:കർണാടകയിൽ അധികാരത്തിലെത്തിയാൽ തൊഴിൽ രഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ വീതം പ്രതിമാസം സഹായധനം നൽകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്സ്.കർണാടകയിൽ പ്രിയങ്കാ ഗാന്ധി നേതൃത്വം നൽകിയ കൺവെൻഷനിൽ ആയിരുന്നു പ്രഖ്യാപനം.ഫെബ്രുവരി 7 ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ സ്ത്രീകൾ കുടുംബനാഥമാർ ആയ എല്ലാ കുടുംബങ്ങൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പ്രഖ്യാപിച്ചിരുന്നു.ഇതിന് ബദലായാണ് കോൺഗ്രസ്സ് പ്രഖ്യാപനം.
കർണാടക തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് പട്ടിക വരുന്നതിന് മുമ്പേ താൻ കോലാറിൽ നിന്ന് മത്സരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചതിൽ അതൃപ്തിയുമായി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ രംഗത്ത് വന്നിട്ടുണ്ട്.2018-ൽ ഇരട്ട സീറ്റുകളിൽ നിന്ന് മത്സരിച്ച് അതിലൊരു മണ്ഡലത്തിൽ തോറ്റതാണ് സിദ്ധരാമയ്യ. അത്തരമൊരു റിസ്കെടുക്കാൻ ഇനി തയ്യാറല്ല അദ്ദേഹം. സുരക്ഷിതമായ ഒരു സീറ്റ് തേടിയാണ് സ്വർണഖനികളുടെ നാടായ കോലാറിൽ നിന്ന് മത്സരിക്കാൻ സിദ്ധരാമയ്യ തീരുമാനിക്കുന്നത്. ജെഡിഎസ്സിന്‍റെ സിറ്റിംഗ് സീറ്റാണെങ്കിലും കോലാറിലെ എംഎൽഎ ശ്രീനിവാസഗൗഡ കോൺഗ്രസിന് പരോക്ഷപിന്തുണ പ്രഖ്യാപിച്ചയാളാണ്. ജെഡിഎസ്സിന്‍റെ പുതിയ സ്ഥാനാർഥി സിഎംആർ ശ്രീനാഥാകട്ടെ സിദ്ധരാമയ്യയ്ക്ക് ഒരു എതിരാളിയേയല്ല. എന്നാൽ സിദ്ധരാമയ്യയെ മറികടന്ന് മുഖ്യമന്ത്രിസ്ഥാനാർഥിയാകുമെന്ന് സ്വപ്നം കാണുന്ന പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് ഈ പ്രഖ്യാപനം രസിച്ചിട്ടില്ല.
ജനുവരി 28 വരെ നടക്കുന്ന കോൺഗ്രസിന്‍റെ പ്രജാധ്വനിയെന്ന പ്രചാരണപരിപാടി പോലും രണ്ടായി തിരിഞ്ഞാണ് നടക്കുന്നത്.എന്നാൽ ഭിന്നതയില്ലെന്നും, എല്ലാ മണ്ഡലങ്ങളിലും ഓടിയെത്താനാണ് രണ്ടായി തിരിഞ്ഞ് പ്രചാരണം നടത്തുന്നതെന്നും പറഞ്ഞ് വിവാദമൊഴിവാക്കാൻ ശ്രമിക്കുകയാണ് ഡി കെ ശിവകുമാര്‍