Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതാപനില മൈനസ് 50 ഡിഗ്രിയിലും താഴെ; തണുത്ത് വിറച്ച് റഷ്യൻ നഗരം

താപനില മൈനസ് 50 ഡിഗ്രിയിലും താഴെ; തണുത്ത് വിറച്ച് റഷ്യൻ നഗരം

അമേരിക്കയിലും യുകെയിലും തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും അതിശൈത്യം പിടിമുറുക്കിയിരിക്കുന്ന വാർത്തകൾ ദിനംപ്രതി പുറത്തു വരുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം വെള്ളച്ചാട്ടങ്ങൾ തണുത്തുറഞ്ഞതിന്റെയും ജലാശയങ്ങൾക്ക് സമീപമുള്ള വീടുകൾ മഞ്ഞുമൂടി വിചിത്ര രൂപങ്ങളായതിന്റെയുമൊക്കെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ധാരാളമായി പ്രചരിക്കുന്നുമുണ്ട്. അമേരിക്കയിൽ അതിശക്തമായി തുടരുന്ന ശീതതരംഗത്തെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നവയിൽ ഏറെയും. എന്നാൽ റഷ്യൻ നഗരമായ യാകുട്സ്കിലെ ജനങ്ങളുടെ ജീവിതം ഇതിനുമെല്ലാം അപ്പുറം ദുരിതത്തിലാണ്. മൈനസ് 50 ഡിഗ്രി രേഖപ്പെടുത്തിയ കൊടുംതണുപ്പിനെ എങ്ങനെ നേരിടണമെന്നറിയാതെ വലയുകയാണ് ഇവിടത്തുകാർ.

സൈബീരിയൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന യാകുട്സ്ക് ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള നഗരമെന്നാണ് അറിയപ്പെടുന്നത്. താപനില ഇത്രയും താഴ്ന്ന നിലയിൽ ലോകത്ത് മറ്റൊരിടമില്ല എന്ന് പറയപ്പെടുന്നു. അതിശൈത്യത്തെ എങ്ങനെ നേരിടുന്നുവെന്ന് ചോദിച്ചാൽ ഇവിടെയുള്ള ജനങ്ങൾക്ക് ഒരുത്തരമേയുള്ളൂ. തണുപ്പിനെ പ്രതിരോധിച്ച് തോൽപ്പിക്കാനാവില്ല. തണുപ്പിന്റെ കാഠിന്യം അല്പം ഒന്ന് കുറച്ച് അനുഭവിക്കത്തക്ക രീതിയിലുള്ള വസ്ത്രം ധരിക്കുക. അതിന് സാധിച്ചില്ലെങ്കിൽ ദുരിതമനുഭവിക്കുകയെന്നത് മാത്രമാണ് ഇവർക്ക് മുന്നിലുള്ള വഴി.

ഈ ആഴ്ചയിലുടനീളം മൈനസ് 50 ഡിഗ്രിയിൽ താഴെയായിരുന്നു പ്രദേശത്തെ താപനില. പല അടുക്കുകളായി ജാക്കറ്റുകളും ഗ്ലവുകളും കമ്പിളി തൊപ്പികളും ധരിച്ച് കാബേജിന്റെ രൂപത്തിലാണ് തങ്ങൾ പുറത്തിറങ്ങുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മത്സ്യ മാർക്കറ്റുകളിലെ ഒരു കടയിലും മീനുകൾ സൂക്ഷിക്കാൻ റഫ്രിജറേറ്റർ ഉപയോഗിക്കേണ്ട കാര്യമില്ല. എത്രയധികം സമയം പുറത്തുവച്ചാലും മീനുകൾ തണുത്തുറഞ്ഞ നിലയിൽ തന്നെ അവശേഷിക്കും. തണുപ്പു പിടിമുറുക്കിയ നഗരത്തിന്റെ ധാരാളം ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.

അതിശൈത്യം നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും നിലവിൽ തണുപ്പുകാലത്തിന് അല്പമെങ്കിലും കുറവ് വന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണത്തിൽ നിൽക്കില്ലെന്ന ആശങ്കയും ഇവിടുത്തെ ജനങ്ങൾക്കുണ്ട്. തണുപ്പു മൂലം പൈപ്പുകളും ഹീറ്റിങ്ങ് ടാങ്കുകളും പൊട്ടുന്നതാണ് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. കാര്യങ്ങൾ ഇത്തരത്തിൽ കൈവിട്ടു പോകുമെന്ന ധാരണ ഭരണകൂടത്തിനും ഇല്ലാതിരുന്നതിനാൽ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും തണുപ്പിനെ പ്രതിരോധിക്കാനുമുള്ള വൈദ്യുത സംവിധാനങ്ങൾ തകരാറിലായാൽ പ്രദേശത്ത് ജീവിക്കാനാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഇവിടെ തണുപ്പ് നിത്യസംഭവമാണെങ്കിലും ഇത്രയും അപകടകരമായ തലത്തിലേക്കെത്തുന്നത് വിരളമാണ്. ആഗോളതലത്തിൽ താപനിലയിൽ ഉണ്ടാകുന്ന ഈ വ്യതിയാനം മനുഷ്യന്റെ ചെയ്തികളുടെ പരിണിതഫലമാണെന്ന് യാകുട്സ്കിന്റെ മുൻ ഡെപ്യൂട്ടി മേയറായ വ്‌ലാദിമിർ ഫെഡോറോവ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments