എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്താനുള്ള ഹൈക്കോടതി വിധി ജനങ്ങള്‍ ആഗ്രഹിച്ചതാണെന്ന് ശ്രീനാരായണ ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. വെള്ളാപ്പള്ളി നടേശന്റെ അതിക്രമത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് വിധിയെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ഈ വിജയം സത്യത്തിന്റേതാണ്. ഇനി നീതിപൂര്‍വം തെരഞ്ഞെടുപ്പ് നടക്കണമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
‘ശ്രീനാരായണീയരുടെ വലിയ അഭിലാഷമാണ് ഹൈക്കോടതി വിധിയായി വന്നത്. 15 വര്‍ഷത്തോളമായി ശ്രീനാരായണീയര്‍ വേദനയോടെ സഹിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ക്കാണ് അറുതി വന്നത്. എപ്പോഴായാലും സത്യം ജയിക്കുമെന്നാണ് ഹൈക്കോടതി വിധി തെളിയിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ അഹങ്കാരം ഈ വിധിയോടെ മാറും എന്നാണ് എന്റെ വിശ്വാസം’. ഗോകുലം ഗോപാലന്‍ പറഞ്ഞു.
വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വരുത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ബൈലോ പുതുക്കി ഉത്തരവിറക്കിയത്. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് നിലവില്‍ വന്നത്.