ലുലു മാളിൽ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് ഡിവിഷൻ ബെഞ്ച്. ഉപഭോക്താക്കളിൽ നിന്ന് ലുലു അധികൃതർ പാർക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ബിൽഡിങ് റൂൾസ് എന്നിവയുടെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചെങ്കിലും കോടതി തള്ളി.
മുനിസിപ്പാലിറ്റി, കോർപറേഷൻ ലൈസൻസ് പ്രകാരം കെട്ടിട ഉടമയ്ക്ക് പാർക്കിങ് ഫീസ് പിരിക്കാമെന്ന് നേരത്തേ സിംഗിൾ ബെഞ്ചും വിധിച്ചിരുന്നു. അതേസമയം, പാർക്കിങ് ഫീസ് ഈടാക്കണോ എന്ന് തീരുമാനിക്കാൻ കെട്ടിട ഉടമയ്ക്ക് വിവേചാനാധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എസ്.എ. ധർമാധികാരി, വിഎം. ശ്യാംകുമാർ എന്നിവരുടേതാണ് ഉത്തരവ്.



