കൊച്ചി: റിവ്യൂ ബോംബിങ് തടയാൻ കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിൽ റിവ്യൂ എന്ന പേരിൽ സിനിമയെക്കുറിച്ചുള്ള അപഗ്രഥനങ്ങൾ വ്ളോഗര്‍മാര്‍ ഒഴിവാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രതിഫലത്തിന് വേണ്ടി സമൂഹമാധ്യമത്തിൽ റിവ്യൂ നടത്തുന്നവരാണ് പലരുമെന്ന് റിപ്പോർട്ടിലുണ്ട്. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെഗറ്റീവ് റിവ്യൂ ഉണ്ടാകുന്നുണ്ട്, എന്നാൽ ഇതിൽ കേസെടുക്കാൻ നിലവിൽ പരിമിതിയുണ്ട്, ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ട്. പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടല്‍ വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
നടൻമാർ, സിനിമയ്ക്ക് പിന്നിലുള്ളവർ തുടങ്ങിയവർക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം, അപമാനിക്കുന്ന ഭാഷ, അപകീർത്തികരമായ പരാമർശങ്ങൾ എന്നിവ തടയണം. സിനിമയെ വലിച്ചുകീറുന്നതിന് പകരം ക്രിയാത്മക വിമർശനം നടത്തണം. നിയമ-ധാർമിക നിലവാരം കാത്തുസൂക്ഷിക്കണമെന്നും, പ്രഫഷണലിസമുണ്ടാകണമെന്നും റിപ്പോർട്ട്.
റിപ്പോർട്ടിൽ കേന്ദ്രസർക്കാർ ഉൾപ്പെടെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.അതേസമയം, നെഗറ്റീവ് കമന്‍റുകളുണ്ടായിട്ടും ഈയിടെ ചില പുതിയ സിനിമകൾ വിജയിച്ചതായി അറിഞ്ഞെന്ന് കോടതി പറഞ്ഞു.