തൃശൂര്‍: മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് 10 വർഷം. നടനായും നാടൻപാട്ടുകാരനായുമെല്ലാം തിളങ്ങിയ മണി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.നീളമേറിയ ചിരിയിലൂടെ മനസിൽ ഇടം പിടിച്ച കലാകാരൻ. പത്ത് വർഷം പിന്നിടുകയാണ് കലാഭവൻ മണിയെന്ന ചാലക്കുടിക്കാരൻ ഓർമയായിട്ട്. കാലമേറെ കഴിഞ്ഞിട്ടും ആ നൊമ്പരം മായാതെ ഇന്നും മനസ്സിൽ..
കറുത്ത മുത്തെന്ന ഓമനപ്പേരിൽ ആരാധകർ ഹൃദയത്തിലേറ്റിയ മണി നടനായും നാടൻ പാട്ടുകാരനായും ഇന്നും കൂടെയുണ്ട്. അഭ്രപാളിയിലെ തിരക്കിൽ നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനൊപ്പം ഇന്നും അയാൾ ജീവിക്കുന്നു.സല്ലാപമെന്ന സിനിമയിലൂടെ തുടങ്ങി തെന്നിന്ത്യയിലെ എണ്ണം പറഞ്ഞ അഭിനേതാവായി പിന്നീടയാൾ മാറി. നാടൻപാട്ടന്നെ കലാരൂപത്തെ ജനകീയമാക്കിയതിൽ മണിയോളം പങ്കുള്ളവർ മറ്റാരും വേറെയില്ലെന്ന് പറഞ്ഞാൽ അധികമാവില്ല.
വ്യക്തി ജീവിതത്തിലെ തിരക്കൊഴിയുമ്പോളെല്ലാം മണി ചാലക്കുടിക്കാരൻ മാത്രമായിരുന്നു . നാടിന്റെയും നാട്ടുകാരുടെയും ഓരോ ആവശ്യങ്ങളിലും മടി കൂടാതെ ഓടിയെത്തി. പ്രതിസന്ധി നിറഞ്ഞ ജീവിതത്തോട് പൊരുതി നേടി വിജയിച്ചപ്പോളും ആരെയും മറന്നില്ല. തേടിയെത്തിയവരെയെല്ലാം മണി കൈ നീട്ടി സഹായിച്ചു.



