മംഗലാപുരം: അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ 64 കോടി സ്വത്ത് ഇഡി കണ്ടുകെട്ടി. ഉത്തര കന്നഡ ജില്ലയിലെ കാർവാറിലെ എംഎൽഎയാണ് സതീഷ് സെയിൽ. കഴിഞ്ഞ സെപ്റ്റംബറിൽ സെയിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ച് സെയിൽ നിലവിൽ ജാമ്യത്തിലാണ്.
ഗോവയിലെ മോർമുഗാവോയിലെ ചിക്കാലിം വില്ലേജിലെ ഭൂമി. സൗത്ത് ഗോവയിലെ മോർമുഗാവോ താലൂക്കിലെ ”പെഡ്രോ ഗാലെ കോട്ട” എന്നറിയപ്പെടുന്ന കൃഷിഭൂമി, ഗോവയിലെ വാസ്‌കോഡ ഗാമയിലെ വാണിജ്യ കെട്ടിടത്തിന്റെ ഒന്നിലധികം നിലകൾ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. കണ്ടു കെട്ടിയ സ്വത്തുകൾക്ക് ഏകദേശം 64 കോടി രൂപ വിപണി മൂല്യമുണ്ട്.
2010ലാണ് എംഎൽഎക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 2009-10 കാലത്ത് കർണാടകയിൽ നടന്ന അനധികൃത ഖനനവും ഇരുമ്പയിര് കടത്തും സംബന്ധിച്ചു എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സതീഷ് കൃഷ്ണ സെയ്ലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം എട്ട് മാസത്തിനിടെ 7.23 ലക്ഷം ടൺ ഇരുമ്പയിര് ബേലിക്കേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്തെന്നാണ് സിബിഐ കണ്ടെത്തിയത്.



