മസ്‌കറ്റ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ സമ്മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. എലിസബത്ത് രാജ്ഞി, നെതർലാൻഡ്സിലെ മാക്‌സിമ രാജ്ഞി, ജപ്പാൻ ചക്രവർത്തി അക്കിഹിതോ, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുള്ള എന്നിവരാണ് നേരത്തേ ഈ ബഹുമതി ലഭിച്ചിട്ടുള്ള പ്രമുഖർ.
ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തിയതിന്റെ സന്തോഷസൂചകമായാണ് ബഹുമതി സമ്മാനിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മോദി ഒമാൻ സന്ദർശിച്ചത്. ബുധനാഴ്ച മസ്‌കറ്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. ജോർദാനിലെയും എത്യോപ്യയിലെയും സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്.
‘നമ്മുടെ പൂർവികർ മികച്ച വ്യാപാരബന്ധം വെച്ചുപുലർത്തിയിരുന്നു. കടലിലൂടെയുള്ള കച്ചവടത്തിലൂന്നിയുള്ള ആ ബന്ധത്തിന് അറബിക്കടലായിരുന്നു നമ്മുടെ രാജ്യങ്ങൾക്കിടയിലുള്ള പാലം. ഈ പുരസ്‌കാരം ഞാൻ ഇന്ത്യയിലെ ജനങ്ങൾക്കു സമർപ്പിക്കുന്നു. മാണ്ഡവി മുതൽ മസ്‌കറ്റുവരെ നീണ്ട വ്യാപാരബന്ധം വികസിപ്പിച്ച നമ്മുടെ പൂർവികർക്കും ഞാനീ സമ്മാനം സമർപ്പിക്കുന്നു.’ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ മോദി കുറിച്ചു.
ത്രിരാഷ്ട്ര സന്ദർശനത്തിൽ എത്യോപ്യയിലെ ‘ഗ്രേറ്റ് ഹോണർ നിഷാൻ ഓഫ് എത്യോപ്യ’, കുവൈറ്റിലെ ‘ഓർഡർ ഓഫ് മുബാറക് അൽ കബീർ’ എന്നിവയും മോദിക്ക് ലഭിച്ചിരുന്നു. ഇവയുൾപ്പെടെ 29-ലധികം വിദേശ രാജ്യങ്ങളുടെ ഉന്നത സിവിലിയൻ പുരസ്‌കാരങ്ങൾ പ്രധാനമന്ത്രി മോദിക്ക് ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനത്തിലൂടെ വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുക എന്നതാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇന്ത്യ-എത്യോപ്യ ബന്ധം മെച്ചപ്പെടുത്തിയതിനും കൃഷി, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ശേഷി വർധിപ്പിക്കൽ എന്നീ മേഖലകളിലെ സഹകരണം വർധിപ്പിച്ചതിനുമുള്ള അംഗീകാരമായാണ് ‘ഗ്രേറ്റ് ഹോണർ നിഷാൻ ഓഫ് എത്യോപ്യ’ പുരസ്‌കാരം അവർ മോദിക്ക് സമ്മാനിച്ചത്.



