ജെറുസലേം: സംഘർഷങ്ങൾ കാരണം മാനവികത ഒരിക്കലും കഷ്ടപ്പെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ജെറുസലേമിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമൊത്ത് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസ സമാധാന പദ്ധതിയിലൂടെ സമാധാനത്തിനുള്ള വഴി തുറന്നുകിട്ടിയിട്ടുണ്ടെന്നും ഈ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
‘സംഘർഷങ്ങൾ മാനവികതയെ ബാധിക്കരുതെന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. ഗാസ സമാധാന പദ്ധതിയിലൂടെ സമാധാനത്തിനുള്ള വഴി തുറന്നിട്ടിരിക്കുന്നു. ഇത്തരം ശ്രമങ്ങളെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. ഭാവിയിലും എല്ലാ രാജ്യങ്ങളുമായി ഇന്ത്യ സഹകരിക്കുകയും സംഭാഷണങ്ങൾ തുടരുകയും ചെയ്യും.’ ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കവേ മോദി പറഞ്ഞു.
ഭീകരവാദത്തിനെതിരായ നിലപാടിൽ ഇന്ത്യയും ഇസ്രയേലും ഒന്നിച്ചുനിൽക്കുന്നതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ലോകത്ത് ഭീകരവാദത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് ഇന്ത്യയും ഇസ്രയേലും വ്യക്തമാക്കുന്നു. ഏത് രൂപത്തിലുള്ള ഭീകരവാദത്തെയും അംഗീകരിക്കാനാവില്ല. ഭീകരവാദത്തിനും അതിനെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ഞങ്ങൾ പോരാട്ടം തുടരും.’ അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ സമാധാന ഉടമ്പടിക്ക് അദ്ദേഹം പിന്തുണ ആവർത്തിച്ചു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ സംസാരിക്കവേ, ഈ പദ്ധതിയെ മേഖലയിലെ ‘ന്യായവും നീണ്ടുനിൽക്കുന്നതുമായ സമാധാനത്തിലേക്കുള്ള’ മാർഗമായി മോദി വിശേഷിപ്പിച്ചു.
‘ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി അംഗീകരിച്ച ഗാസ സമാധാന പദ്ധതി ഒരു പുതിയ വഴി തുറന്നുനൽകുന്നു. ഈ പദ്ധതിയെ ഇന്ത്യ ശക്തമായി പിന്തുണച്ചിട്ടുണ്ട്. പലസ്തീൻ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ മേഖലയിലെ എല്ലാ ജനങ്ങൾക്കും ന്യായവും നീണ്ടുനിൽക്കുന്നതുമായ സമാധാനം നൽകുമെന്ന വാഗ്ദാനം ഇതിനുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
‘നമ്മുടെ എല്ലാ ശ്രമങ്ങൾക്കും വിവേകവും ധൈര്യവും മാനവികതയും മാർഗ്ഗദർശകമാകട്ടെ. സമാധാനത്തിലേക്കുള്ള പാത എപ്പോഴും എളുപ്പമായിരിക്കില്ല. എന്നാൽ, ഈ മേഖലയിലെ സംഭാഷണം, സമാധാനം, സ്ഥിരത എന്നിവയ്ക്കായി ഇന്ത്യ നിങ്ങളോടും ലോകത്തോടും ഒപ്പം നിൽക്കുന്നു.’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2014-ൽ അധികാരത്തിലെത്തിയ ശേഷം മോദിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമാണിത്. 2017-ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഇസ്രയേൽ സന്ദർശനം. 2018-ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വളരെ അടുത്ത നയതന്ത്രബന്ധമാണ് നിലവിലുള്ളത്.



