Saturday, December 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅതിശൈത്യം: മൂന്നാറില്‍ ഇന്ന് പൂജ്യം ഡിഗ്രി സെല്‍ഷ്യസ്

അതിശൈത്യം: മൂന്നാറില്‍ ഇന്ന് പൂജ്യം ഡിഗ്രി സെല്‍ഷ്യസ്

ഇടുക്കി: തണുത്ത് വിറച്ച് മൂന്നാര്‍. മൂന്നാറില്‍ ഇന്ന് പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില. നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് അതിശൈത്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേവികുളത്ത് വാഹനങ്ങള്‍ക്ക് മുകളില്‍ ഐസ് തുള്ളികള്‍ ദൃശ്യമായി. ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദിവസങ്ങളായി മൂന്നാറില്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നും മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രിയിലേക്ക് താപനിലയെത്തിയിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ കൂടുതലായി തണുപ്പ് രേഖപ്പെടുത്താറുള്ളത്. ഈ മാസം അവസാനത്തോടെ താപനില മൈനസിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൂന്നാറില്‍ തണുപ്പ് വര്‍ധിച്ചത് ഏറെനാളായി ആലസ്യത്തിലായിരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ഗുണമുണ്ടാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് ഒട്ടേറെ കാഴ്ചകളാണ് മൂന്നാറിലുള്ളത്. നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്‌റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പുല്‍മേടുകളില്‍ അതിരാവിലെ എത്തിയാല്‍ തണുപ്പാസ്വദിക്കാം. മൂന്നാറിന്റെ പ്രധാന ആകര്‍ഷണം ഇരവികുളം ദേശീയോദ്യാനമാണ്. വംശനാശം നേരിടുന്ന വരയാടുകളെ ഇവിടെ കാണാന്‍ സാധിക്കും. മാട്ടുപ്പട്ടിയിലെ ബോട്ടിങ്, എക്കോ പോയിന്റ്, കുണ്ടള, ടോപ്‌സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments