തിരുവനന്തപുരം: പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെ കേസിൽപെടുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരൻ. തെറ്റ് സംഭവിച്ചത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത്. തങ്ങൾ ബ്രഹ്മാസ്ത്രം തക്കസമയത്ത് തന്നെ പ്രയോഗിച്ചിട്ടുണ്ടെന്നും ഇനി ബാക്കി കാര്യങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും കെ. മുരളീധരൻ. മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെയാണ് കെ. മുരളീധരന്റെ പ്രതികരണം.
‘തെറ്റ് കണ്ടതുകൊണ്ടാണ് കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. ഇനി കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല. കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പുറത്താക്കിയത്. ഇനിയൊരു ചർച്ചയുടെ ആവശ്യമില്ല. ഉചിതമായ നടപടികൾ സർക്കാരും പൊലീസും സ്വീകരിക്കട്ടെ. തെറ്റുകളെ കോൺഗ്രസ് ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ ശിക്ഷിക്കും. ഞങ്ങളുടെ പാർട്ടി ചെയ്താൽ ശരിയെന്നും മറ്റ് പാർട്ടിക്കാർ ചെയ്താൽ തെറ്റെന്നും പറയുന്ന സംസ്കാരം കോൺഗ്രസിനില്ല. സ്വർണം കട്ടവരെയും സ്ത്രീലമ്പടമാരേയും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല’- മുരളീധരൻ പറഞ്ഞു.



