മസ്‌കത്ത്: മസ്‌കത്തിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള രണ്ടാം ഘട്ട അപേക്ഷ മാര്‍ച്ച് 20മുതല്‍ നടക്കും. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യന്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മസ്‌കത്ത്, ദാര്‍സൈത്ത്, വാദികബീര്‍, സീബ്, ഗൂബ്ര, മബേല, ബൗശര്‍ എന്നീ ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഓരോസ്‌കൂളുകളിലെ സീറ്റ് ലഭ്യതക്കനുസരിച്ചുള്ള പുതിയ ഒഴിവുകളും ഇന്ത്യന്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യക്കാരല്ലാത്തവര്‍ക്കും പ്രവേശനം നല്‍കും. ഓരോ സ്‌കൂളുകളുടെയും സീറ്റ് ലഭ്യക്കതനുസരിച്ചായിരിക്കും പ്രവേശനം ലഭിക്കുക.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള പ്രവേശനം ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയര്‍ ആന്‍ഡ് സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ലഭ്യമാണ്.പ്രവേശനത്തിനായി രക്ഷിതാക്കള്‍ക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്‌ട്രേഷനെ സമീപിക്കാം. 2024 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടാകുക. ആദ്യ ഘട്ട അപേക്ഷരുടെ നറുക്കെടുപ്പ് മാര്‍ച്ച് മൂന്നിന് നടന്നിരുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് രണ്ടാം ഘട്ട അപേക്ഷകള്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വീണ്ടും തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ 3543 പേര്‍ക്കാണ് സീറ്റ് ലഭിച്ചത്.