ബെംഗളൂരു: കഴിഞ്ഞവർഷം ഏപ്രിലിൽ മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ച ഹോട്ടലിന്റെ 80.6 ലക്ഷം രൂപയുടെ ബിൽ ഇനിയും അടച്ചില്ല. വനം വകുപ്പിനെ പല തവണ ഓർമിപ്പിച്ചിട്ടും ബില്ലടയ്ക്കാഞ്ഞതിനെത്തുടർന്ന് നിയമ നടപടിക്കൊരുങ്ങുകയാണ് ഹോട്ടലുടമ. മൈസൂരുവിലെ റാഡിസ്സൺ ബ്ലൂ ഹോട്ടലിലാണ് മോദി അന്ന് താമസിച്ചത്.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് പ്രോജക്ട് ടൈഗർ പദ്ധതിയുടെ 50-ാം വാർഷികത്തിൽ പങ്കെടുക്കാനാണ് മോദി മൈസൂരുവിലെത്തിയത്. മൈസൂരുവിലെ കർണാടക ഓപ്പൺ സർവകലാശാലയിൽ നടന്ന പരിപാടിയിൽ പുതിയ ദേശീയ കടുവ സെൻസസ് പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മൂന്നു കോടി രൂപ ചെലവ് പ്രതീക്ഷിച്ചായിരുന്നു സംഘാടനം. പക്ഷേ, ചെലവ് 6.33 കോടിയായി ഉയർന്നു. മൂന്ന് കോടി രൂപമാത്രമേ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളൂ. ബാക്കി സംസ്ഥാന സർക്കാരാണ് നൽകേണ്ടതെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാട്.