ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനമായ നാവിക് (NavIC) സങ്കീർണമായ സാങ്കേതിക വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ട്. ഉപഗ്രഹത്തിലെ ആറ്റോമിക് ക്ലോക്കുകൾ പ്രവർത്തനം നിലച്ചത് കാരണം ഈ സംവിധാനം പൂർണ്ണമായി പ്രവർത്തനക്ഷമമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 10-ന് IRNSS-1F എന്ന ഉപഗ്രഹത്തിലെ അവസാന ആറ്റോമിക് ക്ലോക്കും പ്രവർത്തനരഹിതമായതോടെയാണ് നിലവിലെ പ്രതിസന്ധി രൂക്ഷമായത്. ഒരു നാവിഗേഷൻ സംവിധാനം കൃത്യമായി പ്രവർത്തിക്കാൻ കുറഞ്ഞത് നാല് ഉപഗ്രഹങ്ങളെങ്കിലും ആറ്റോമിക് ക്ലോക്കുകളോടെ പ്രവർത്തനസജ്ജമായിരിക്കണം. എന്നാൽ നിലവിൽ ഐആർഎൻഎസ്എസ് 1-ബി, ഐആർഎൻഎസ്എസ് 1-എൽ, എൻവിഎസ്-01 എന്നീ മൂന്ന് ഉപഗ്രഹങ്ങൾ മാത്രമാണ് സേവനങ്ങൾ നൽകാൻ പ്രാപ്തമായിട്ടുള്ളത്.
സൈനിക നീക്കങ്ങൾക്കും മാപ്പിങിനും മറ്റ് ആസൂത്രണങ്ങൾക്കുമായി രാജ്യങ്ങളുടെ സായുധ സേനകൾ ഇത്തരം ഗതിനിർണയ ഉപഗ്രഹ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇതിനായി വിദേശ നാവിഗേഷൻ ഉപഗ്രഹ സംവിധാനത്തെ ആശ്രയിക്കുന്നതിൽ വലിയ വെല്ലുവിളികളുണ്ട്. 1999-ലെ കാർഗിൽ യുദ്ധസമയത്ത് അമേരിക്ക ജിപിഎസ് (GPS) വിവരങ്ങൾ നൽകാൻ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ സ്വന്തമായി ഒരു നാവിഗേഷൻ സംവിധാനം വികസിപ്പിക്കാൻ തീരുമാനിച്ചത്. യുദ്ധസമയത്ത് വിദേശ സംവിധാനങ്ങളെ ആശ്രയിക്കുന്നത് അപകടകരമാണ്. വിദേശ രാജ്യങ്ങൾക്ക് സിഗ്നലുകളിൽ പിശകുകൾ വരുത്താനോ തെറ്റായ സ്ഥാനവിവരങ്ങൾ നൽകി കബളിപ്പിക്കാനോ (spoofing) സാധിക്കുമെന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. സാധാരണക്കാർക്കുള്ള സിഗ്നലിനേക്കാൾ പത്തിരട്ടി കൃത്യതയുള്ള നാവിക്കിലെ പ്രത്യേക സിഗ്നലുകളാണ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
ആദ്യ തലമുറ ഉപഗ്രഹങ്ങളിലെ (IRNSS series) ആറ്റോമിക് ക്ലോക്കുകൾ പരാജയപ്പെടുന്നത് കാരണം, രണ്ടാം തലമുറ ഉപഗ്രഹങ്ങളായ എൻവിഎസ് (NVS) പരമ്പര വിക്ഷേപിക്കാൻ തുടങ്ങിയെങ്കിലും, 2025-ലെ NVS-02 വിക്ഷേപണം പരാജയപ്പെട്ടത് വീണ്ടും പ്രതിസന്ധിയായി. ഇത് NVS-03, 04, 05 എന്നീ ഉപഗ്രഹങ്ങളുടെ വിക്ഷേപണം വൈകാൻ കാരണമായി.
ഇപ്പോൾ ഗഗൻയാൻ പോലുള്ള വലിയ ദൗത്യങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാരണം നാവിക്കിന് ആവശ്യമായ പ്രാധാന്യം ലഭിക്കുന്നുമില്ല. രാഷ്ട്രീയ നേട്ടങ്ങളേക്കാൾ രാജ്യത്തിന്റെ തന്ത്രപരമായ സുരക്ഷാ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന ആവശ്യം വിദഗ്ധർക്കിടയിൽ നിന്ന് ഉയരുന്നുണ്ട്.



