ന്യൂഡൽഹി : അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു തന്നെ ഇ.ഡി തിടുക്കത്തിൽ അറസ്റ്റ് ചെയ്തതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഹൈക്കോടതിയിൽ പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പുകളുടെ പേരിൽ അറസ്റ്റിൽനിന്നു സംരക്ഷണം അവകാശപ്പെടാൻ കേജ്‌രിവാളിനാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പ്രതികരിച്ചു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾക്കെതിരെ ഇടക്കാലാശ്വാസം തേടി കേജ്‌രിവാൾ നൽകിയ ഹർജികളിലായിരുന്നു ഈ വാദങ്ങൾ. 4 മണിക്കൂറോളം നീണ്ട വാദത്തിനുശേഷം ജസ്റ്റിസ് സ്വർണാന്ത ശർമ ഹർജി വിധി പറയാൻ മാറ്റി.
വിചാരണക്കോടതിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിനെ എതിർക്കാതിരുന്നതിലൂടെ അറസ്റ്റിനെ ചോദ്യം ചെയ്യാനുള്ള കേജ്‌രിവാളിന്റെ അവകാശം നഷ്ടപ്പെട്ടുവെന്ന ഇ.ഡിയുടെ വാദം കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഷേക് സിങ്‌വി വിമർശിച്ചു. ‘ആംആദ്മി പാർട്ടിയെ തകർക്കാനുള്ള നീക്കം കൂടിയാണിത്. അറസ്റ്റ് ചെയ്ത സമയവും ഇതാണു വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് ആദ്യം ലഭിക്കുന്നതു കഴിഞ്ഞ ഒക്ടോബർ 30നാണ്. 9–ാമത്തെ നോട്ടിസ് മാർച്ച് 16നും ലഭിച്ചു. ഈ 6 മാസത്തിനിടയ്ക്കൊന്നും അറസ്റ്റ് ചെയ്തില്ല. തെളിവുകളോ സാക്ഷിമൊഴികളോ ഇല്ല’– സിങ്‌വി പറഞ്ഞു.
അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു തിരഞ്ഞെടുപ്പുകാലത്തു തന്നെ ഇ.ഡി അറസ്റ്റ് ചെയ്തതെന്നു കേജ്‌രിവാൾ
RELATED ARTICLES