പത്തനംതിട്ട: പമ്പാതീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം സമാപിച്ചു. നിർദ്ദേശങ്ങൾ നടപ്പാക്കാൻ 18 അംഗ കമ്മിറ്റി രൂപീകരിച്ചതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ അറിയിച്ചു. കൂടാതെ അടുത്തമാസം രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്നും ഇതുസംബന്ധിച്ച ആശയവിനിമയം രാഷ്ട്രപതി ഭവൻ നടത്തിയതായും അദ്ദേഹം പറഞ്ഞു. തീയതി സംബന്ധിച്ച് പിന്നീട് വ്യക്തത ഉണ്ടാക്കും.രാവിലെ ഒമ്പതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്. തന്ത്രിയാണ് സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ദേവസ്വംമന്ത്രി വിഎൻ വാസവൻ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംഗമവേദിയിലേക്കെത്തിയത്.



