ദില്ലി: രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.
രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും. 60,000 കോടി രൂപയുടെ നിക്ഷേപമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം -സേതു (പ്രധാൻ മന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐ ടി ഐ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.



