ഭോപ്പാൽ: കോൾഡ്റിഫ് കഫ് സിറപ്പ് കഴിച്ചുള്ള മരണ സംഖ്യ ഉയരുന്നു. മധ്യപ്രദേശിൽ രണ്ട് കുട്ടികളും രാജസ്ഥാനിൽ ഒരു കുട്ടിയും മരിച്ചു. ഇതോടെ ആകെ മരണം 14 ആയി. മധ്യപ്രദേശിൽ 11ഉം രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് ഇതുവരെ മരിച്ചത്. മധ്യപ്രദേശിലെ മരണമേറെയും ചിന്ദ്വാഡയിലാണ്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.
കോൾഡ്‌റിഫ് മരുന്ന് കഴിച്ചതോടെ കുട്ടികളെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ വൃക്കകൾ തകരാറിലായതായും കോൾഡ്‌റിഫിൽ അടങ്ങിയിട്ടുള്ള വിഷാംശമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരിശോധനയിൽ വ്യക്തമായി. മരുന്നിന്റെ സാമ്പിളുകളിൽ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒപ്പം എഞ്ചിൻ ഓയിലുകളും അടങ്ങിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
മധ്യപ്രദേശിൽ കുട്ടികൾക്ക് കോൾഡ്റിഫ് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിലായിട്ടുണ്ട്. പരേഷ്യയിലെ ശിശുരോഗവിദഗ്ധനായ ഡോ. പ്രവീൺ സോണിയാണ് പിടിയിലായത്. നിരോധിച്ച ശേഷവും ഡോക്ടർ ഈ മരുന്ന് കുട്ടികൾക്ക് നിർദേശിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റ്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിലായിരുന്നു. മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്.



