തിരുവനന്തപുരം:ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതിസ്ഥാനത്ത്. 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേർത്തത്. ദേവസ്വം ബോർഡിന്‍റെ പരാതിയിലാണ് എഫ്ഐആർ.കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതിലാണ് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുത്തത്.
അതേസമയം, വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഏത് ശിക്ഷയും നേരിടാൻ തയ്യാറാണ്.വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ നടക്കില്ല.എഫ്ഐആറിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാൻ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



