നെടുമ്പാശ്ശേരി: അഗത്തിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാർക്ക് ലഗേജ് കൈമാറാതെ വിമാന കമ്പനിയുടെ ഇരുട്ടടി. ഞായറാഴ്ച രാവിലെ 11.30 ന് എത്തിയ അലയൻസ് എയർ വിമാനത്തിലെ യാത്രക്കാരാണ് ലഗേജ് ലഭിക്കാതെ വെട്ടിലായത്.
വിമാനത്തിൽ നിന്ന് ഇറങ്ങി ടെർമിനലിൽ എത്തിയ ശേഷമാണ് അഗത്തിയിൽ നിന്ന് ഇവരുടെ ലഗേജുകൾ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ലക്ഷദ്വീപിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയവരും ലക്ഷദ്വീപിൽ നിന്ന് ചികിത്സക്കും വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനും എത്തിയവരും അടക്കം 50 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.



