ന്യൂഡൽഹി : കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ദത്തെടുക്കും. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങളുടെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവുകളും വിജയ് വഹിക്കുമെന്ന് ടിവികെ വ്യക്തമാക്കി.
‘‘മരിച്ചവരെല്ലാം ഞങ്ങളുടെ കുടുംബത്തിൽനിന്നുള്ളവരാണ്. അതിനാൽ അവരെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. വിജയ് അവരുടെ കുടുംബാംഗങ്ങളിൽ ഒരാളായിരിക്കും. പൊലീസ് പറഞ്ഞ സ്ഥലത്തു മാത്രമാണ് റാലി നടത്തിയത്. കരൂർ പൊലീസാണ് ഞങ്ങളെ അന്ന് അവിടെ സ്വീകരിച്ചത്. മറ്റെവിടെയും ഞങ്ങളെ സ്വീകരിക്കാത്ത പൊലീസ് എന്തിനാണ് കരൂരിൽ മാത്രം ഞങ്ങളെ സ്വീകരിച്ചത്? വിജയ് വൈകിയൊന്നുമല്ല അവിടെ എത്തിയത്. അത് തെറ്റായ ആരോപണമാണ്. വിജയ്‌യുടെ നേതൃപാടവത്തെ മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തത് ഞെട്ടിക്കുന്നതായിരുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവ് എത്രത്തോളം തെറ്റാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്’’ – അധവ് അർജുന പറഞ്ഞു.



