എൻഎംസി ഗ്രൂപ്പിന്‍റെ സ്ഥാപകനും മുൻ പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായിരുന്ന ബിആർ ഷെട്ടിക്ക് കോടികൾ പിഴയിട്ട് ദുബായ് കോടതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനെ തുടർന്ന് ഏകദേശം 46 മില്യൺ ഡോളർ (408 കോടി ഇന്ത്യൻ രൂപ) പിഴയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപകനാണ് 83കാരനായ ബിആർ ഷെട്ടി. 2018 ഡിസംബറിൽ എൻഎംസി ഹെൽത്ത് കെയറിനായി അനുവദിച്ച 50 മില്യൺ ഡോളർ വായ്പയുടെ വ്യക്തിഗത ഗ്യാരണ്ടിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് ബിആർ ഷെട്ടി ആരോപിച്ചിരുന്നു. ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ച എസ്ബിഐയുടെ അന്നത്തെ യുഎഇ സിഇഒ ആയിരുന്ന അനന്ത ഷേണായിയെ കണ്ടിട്ടില്ലെന്നായിരുന്നും ഷെട്ടി പറഞ്ഞു. തന്റെ ഒപ്പ് വ്യാജമായി നിർമിച്ചതാണെന്നും ഷെട്ടി കൂട്ടിച്ചേർത്തു. ഇവയെല്ലാം നുണയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബിആർ ഷെട്ടിക്ക് വലിയ തുക ദുബായ് കോടതി പിഴ വിധിച്ചത്.
ഷെട്ടിയുടെ വാദങ്ങളെ വിശ്വസിക്കാൻ കഴിയാത്ത കള്ളങ്ങളുടെ ഘോഷയാത്രയെന്നാണ് ദുബായ് അന്താരാഷ്ട്ര ഫിനാൻഷ്യൽ സെന്റർ കോടതി വിശേഷിപ്പിച്ചത്. ഷെട്ടി ഹാജരാക്കിയ തെളിവുകൾ അവ്യക്തവും അസംബന്ധവുമെന്നും കോടതി കണ്ടെത്തി



