റാഞ്ചി: സ്കൂളിൽ ചെരിപ്പിട്ട് വന്നതിന് പ്രിൻസിപ്പൽ ഇൻ- ചാർജിന്റെ മർദനത്തെ തുടർന്ന് കോമയിലായിരുന്ന പെൺകുട്ടി മരിച്ചു. ജാർഖണ്ഡിലെ ഗർവ ജില്ലയിലെ ബർഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ദിവ്യകുമാരിയാണ് മരിച്ചത്.
ഒരു മാസം മുമ്പ് സെപ്തംബർ 15നായിരുന്നു സംഭവം. അന്ന് രാവിലെ ഷൂസിന് പകരം ചെരിപ്പ് ധരിച്ചാണ് വിദ്യാർഥിനി അസംബ്ലിക്ക് ഹാജരായത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ ഇൻ-ചാർജ് ദ്രൗപതി മിൻസ് വിളിച്ചുവരുത്തി ശകാരിക്കുകയും സ്കൂളിലെ ഡ്രസ് കോഡ് നിയമം പാലിക്കാത്തതിന് മർദിക്കുകയുമായിരുന്നു.
ഇതേ തുടർന്ന് മനോവിഷമത്തിലായ വിദ്യാർഥിനി വിഷാദരോഗം ബാധിച്ച് അവശയായി. തുടർന്ന് അവസ്ഥ കൂടുതൽ വഷളായി. ഡാൽട്ടൻഗഞ്ചിലെ ഒരു ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം, റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് റഫർ ചെയ്തു. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം.



