ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കപടഭക്തിയുടെ പ്രകടനമായിരുന്നു അയ്യപ്പ സംഗമം. ശബരിമലയെ അവഹേളിക്കുന്ന സർക്കാരിന് അയ്യപ്പശാപമാണ് ഏറ്റത്. അയ്യപ്പന്റെ സ്വർണം ആരാണ് കട്ട് വിറ്റതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അത്ര വലിയ കവർച്ചയാണ് നിങ്ങൾ നടത്തിയതെന്നും സതീശൻ കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.
2026ൽ യുഡിഫ് അധികാരത്തിലെത്തുമെന്നും ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ മുഴുവനും പിൻവലിക്കുമെന്നും സതീശൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് പറയാൻ ധൈര്യമുണ്ടോയെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വി.ഡി സതീശൻ വെല്ലുവിളിച്ചു. തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു വീട് നിർമിച്ചുകൊടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അതിന്റെ താക്കോൽദാനം നിർവഹിച്ചത് കടകംപള്ളി സുരേന്ദ്രനാണ്. അതിന്റെ തന്റെ തെളിവ് കൈയിലുണ്ടെന്നും സതീശൻ ആരോപിച്ചു.
‘2019ൽ കട്ടതിന് ശേഷം പിന്നെയും മോഷണ ശ്രമം നടത്തി. ഈ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് 2019ൽ ശബരിമലയിലെ സ്വർണം മോഷ്ടിച്ചതെന്ന് അറിയാവുന്ന ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുംകൂടി തിരുവാഭരണ കമ്മീഷണറുടെ കത്ത് മറികടന്ന് വീണ്ടും അയാളുടെ കൈയിൽ തന്നെ കൊടുത്തുവിടാൻ തീരുമാനമെടുത്തു. ഈ സാഹചര്യത്തിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.



