ആലപ്പുഴ : സിപിഎമ്മിന്റെ അനുനയ നീക്കത്തിനു വഴങ്ങാതെ മുൻമന്ത്രി ജി.സുധാകരൻ. കുട്ടനാട്ടിലെ പാർട്ടി പരിപാടിയിൽ അദ്ദേഹം പങ്കെടുക്കില്ല. ‘‘ കുട്ടനാട്ടിൽ നമ്മുടെ ആവശ്യമില്ല, അവർ നടത്തിക്കോളും, അവിടെ ആളുണ്ട്’’–ജി.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി നേരിട്ടെത്തി ക്ഷണിച്ച പരിപാടിയിൽനിന്നാണ് ജി.സുധാകരൻ വിട്ടു നിൽക്കുന്നത്. നോട്ടിസ് പോലും നൽകാതെ വെറുതെ ക്ഷണിച്ചതാണെന്നാണ് സുധാകരന്റെ വിലയിരുത്തൽ.
മന്ത്രി സജി ചെറിയാനെ സുധാകരൻ രൂക്ഷമായി വിമർശിച്ചതോടെയാണ് പാർട്ടി അനുനയനീക്കം നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലനും സുധാകരന്റെ വീട്ടിലെത്തി അദ്ദേഹത്തെ ഇന്ന് കുട്ടനാട്ടിൽ നടക്കുന്ന വിഎസ് സ്മാരക കേരള പുരസ്കാര സമർപ്പണ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. പരിപാടിയിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പങ്കെടുക്കുന്നുണ്ട്. എന്നാൽ അനുനയത്തിനില്ലെന്ന സൂചനയാണ് സുധാകരൻ നൽകുന്നത്.
സുധാകരനെതിരായ പാർട്ടി നടപടിയുടെ രേഖ 4 വർഷത്തിനു ശേഷം പുറത്തായിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കിയിരുന്നു. ഇതേപ്പറ്റി അന്വേഷിക്കേണ്ടതുണ്ട്. സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ബോധപൂർവം ചെയ്തതാകാം. പിന്നിൽ ആരാണെന്നു കണ്ടെത്തണം.



