കൊല്ലം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി മനസിൽ ഒന്നുവെച്ച് വേറെ കാര്യം പറയില്ലെന്നും ഉള്ള കാര്യം തുറന്നു പറയുമെന്നുമാണ് ചെന്നിത്തല പുകഴ്ത്തിയത്. ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയ വെള്ളാപ്പള്ളി അതുപോലെ ധാരാളം സ്‌നേഹവും ഏറ്റുവാങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. വർഗീയ പ്രസ്താവനകളെ തുടർന്ന് വെള്ളാപ്പള്ളിക്കെതിരെ വ്യാപക വിമർശനമുയരുന്നതിനിടെയാണ് പുകഴ്ത്തൽ.
വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകുന്ന വേദിയിൽ വെച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. എസ്എൻഡിപി യോഗത്തെ കേരളത്തിലെ പാവപ്പെട്ടവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ പറ്റി ആലോചിച്ചാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. ഉചനീചത്വങ്ങൾക്കെതിരെ എസ്എൻഡിപി യോഗത്തെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. നിലപാടുകൾ എങ്ങനെ എസ്എൻഡിപിക്ക് പ്രയോജനപ്പെടുത്താം എന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.



