ബുഡാപെസ്റ്റ്: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെതിരെ ഭീഷണിയുമായി പോളണ്ട്. തങ്ങളുടെ രാജ്യത്തിന്‍റെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ പുടിനെ അറസ്റ്റ് ചെയ്യുമെന്നാണ് പോളണ്ടിന്‍റെ ഭീഷണി. പുടിനെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും പോളണ്ടിന്‍റെ വ്യോമാതിർത്തിയിൽ കയറിയാൻ പുടിനെ ആ നിമിഷം തന്നെ അറസ്റ്റ് ചെയ്തിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഹംഗറിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ, തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു പോളണ്ടിന്‍റെ ഭീഷണി. മോസ്കോയിൽ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള എളുപ്പത്തിലുള്ള വ്യോമപാത പോളണ്ട് വഴിയുള്ളതാണ്.
എന്നാൽ ബൾഗേറിയൻ വ്യോമപാതയിലൂടെയും റഷ്യയിൽ നിന്ന് ഹംഗറിയിലെത്താം. പോളണ്ടിന്‍റെ ഭീഷണിക്ക് പിന്നാലെ തങ്ങളുടെ വ്യോമപാത പുടിനായി തുറന്ന് നൽകാൻ തയ്യാറാണെന്ന് ബൾഗേറിയ അറിയിച്ചിട്ടുണ്ട്. എന്നാൽ ഹംഗറിയിലെ പുടിൻ – ട്രംപ് ഉച്ചകോടി നടക്കാൻ സാധ്യതയില്ലെന്നതാണ് ഏറ്റവും പുതിയ വിവരം.



