കൊച്ചി: സിപിഎമ്മിന് സിപിഐയേക്കാൾ വലുതാണ് ഇപ്പോൾ ആർഎസ്എസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഐ പോലും അറിയാതെയാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെപ്പിച്ചത്. ആർഎസ്എസിൻ്റെ പൊളിറ്റിക്കൽ അജണ്ട അടിച്ചേല്പിക്കുകയാണ്. കോൺഗ്രസ് അതി ശക്തമായി എതിർത്ത പദ്ധതിയാണിത്. പൊതു വിദ്യാഭ്യാസ രംഗത്ത് രണ്ട് തരം സ്കൂളുകളാണ് വരാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റിയെ പോലും എതിർത്താണ് ഈ ഏകപക്ഷീയമായ തീരുമാനം എടുത്തത്. കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങൾ ഒപ്പു വച്ചപ്പോൾ ഈ വ്യവസ്ഥകൾ ഇല്ലായിരുന്നു. മന്ത്രിസഭയിൽ പോലും ചർച്ചയാകാതെ എടുത്ത തീരുമാനമാണ്. പണം വാങ്ങുന്നതിൽ എതിർപ്പില്ലെന്നും നിരുപാധികം ഒപ്പുവയ്ക്കരുതെന്നാണ് കോൺഗ്രസ് നിലപാട് എന്നും വി.ഡി സതീശൻ പറഞ്ഞു.
ഷാഫിയെ അടിച്ചതിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും ഗവർണറുടെൂദ പരിപാടിയിൽ മൂന്ന് ദിവസം മുമ്പ് മാത്രം ക്ഷണിച്ചത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി സെക്രട്ടറിമാരുടെ നിയമനം സംഘടനപരമായ കാര്യമാണ് അത് പറയേണ്ടത് കെപിസിസി പ്രസിഡന്റാണ് എന്നായിരുന്നു പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വി.ഡി സതീശൻ്റെ മറുപടി. ഭാരവാഹിയോഗം തീരുമാനിക്കേണ്ടത് പ്രസിഡന്റാണ്. സംഘടനപരമായ കാര്യങ്ങളിൽ മറുപടി പറയില്ലെന്നതാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.



