മസ്കത്ത്: പ്രവാസികളെ ചേർത്ത് പിടിച്ച സർക്കാരാണ് തങ്ങളുടേതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. പ്രവാസി ക്ഷേമപെൻഷനുവേണ്ടി 739 കോടി അനുവദിച്ചെന്നും ഇൻഷുറൻസ് പദ്ധതി പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്കത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യന്ത്രി ഒമാനിലെത്തിയത്. മസ്കത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇടതു സർക്കാറിന്റെ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു ഒമാനിലെ പ്രവാസികൾക്കു മുന്നിൽ മുഖ്യമന്ത്രിയുടെ പ്രസംഗം. പ്രവാസി ഇൻഷുറൻസ് നടപ്പാക്കിയതിനെകുറിച്ചും പ്രവാസി ക്ഷേമപെൻഷനുവേണ്ടി 739 കോടി അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾ കേരളത്തെ കുറിച്ച് കുറ്റം പറയുകയല്ലെന്നും അവർ ജീവിക്കുന്ന നാടിന്റെ അതേ ഉയരത്തിലേക്ക് കേരളവും എത്തിച്ചേരണമെന്ന അഭിലാഷം പങ്കുവെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർഭരണം കേരളത്തിന്റെ വികസനത്തിന് സഹായിക്കുന്നതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താൻ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. മുഖ്യമന്ത്രിയെ കാണാൻ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് മസ്കത്തിലെ ആമീറാത്ത് പബ്ലിക് പാർക്കിലെത്തിയത്. മുഖ്യമന്ത്രിയുടെ ഒമാൻ സന്ദർശനം തുടരുകയാണ്. ഇന്ന് സലായിൽ നടക്കുന്ന പ്രവാസോത്സവത്തിൽ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും.



