ആലപ്പുഴ: പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി തുടർന്ന് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ.തോട്ടപ്പള്ളി പാലം ഉദ്ഘാടനത്തിൽ ക്ഷണിച്ചെങ്കിലും സുധാകരൻ പങ്കെടുത്തേക്കില്ല. അനുനയ നീക്കങ്ങളുടെ ഭാഗമായി പാലം ഉദ്ഘാടന പരിപാടിയിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് പാലം ഉദ്ഘാടനം.നാലര വർഷത്തിന് ശേഷം ആദ്യമായി സർക്കാർ പരിപാടിയിൽ ജി.സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിലാണ് ചിത്രം ചേർത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു സർക്കാർ പരിപാടികളിലേക്കും സുധാകരന് ക്ഷണമുണ്ടാകാതിരുന്നത് വലിയ ചർച്ചാവിഷയമായിരുന്നു. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 50 കോടി ചിലവഴിച്ച് നിർമിച്ചതാണ് നാലുചിറ പാലം. അക്കാലയളവിൽ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിരുന്നുവെങ്കിലും സർക്കാർ പരിപാടികളുടെ പോസ്റ്ററുകളിൽ നിന്ന് സുധാകരനെ അവഗണിക്കുകയായിരുന്നു. സമീപകാലത്ത് പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിനായി നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പോസ്റ്ററിൽ ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്.



