ന്യൂഡൽഹി : കൊച്ചിയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം ഇന്ധന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിലേക്ക് തിരിച്ചുപറന്നു. ഒക്ടോബർ 29നാണ് സംഭവം. വിമാനം തിരിച്ചുപറന്നത് ആകാശ എയർ സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഒക്ടോബർ 29ന് ബെംഗളൂരുവിൽനിന്ന് കൊച്ചിക്കു പോകേണ്ടിയിരുന്ന ആകാശ എയർ ഫ്ലൈറ്റ് ക്യുപി 1361, തിരിച്ചു പറക്കേണ്ടി വന്നിട്ടുണ്ട്. വിമാനം ബെംഗളൂരുവിൽ സുരക്ഷിതമായി ഇറക്കി. സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന. ഞങ്ങളുടെ പൈലറ്റുമാർ വളരെ ശ്രദ്ധയോടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് തിരിച്ചുപറന്നത്. ’–ആകാശ എയർ വക്താവ് പറഞ്ഞു. അതേസമയം, വിമാനം തിരിച്ചുവിടാനുണ്ടായ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ഇന്ധന സംബന്ധമായ പ്രശ്നങ്ങളാണ് (ഫ്യുവൽ ഇംബാലൻസ്) വിമാനം തിരിച്ചുപറക്കാൻ കാരണമായതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. കോക്പിറ്റ് സ്വിച്ചുകള്‍ തെറ്റായി പ്രവർത്തിപ്പിച്ചതാകാം ഇതിനു കാരണമെന്നാണ് വിവരം. വിമാനത്തിന്റെ ഇരുഭാഗങ്ങളിലെയും ടാങ്കുകളിലുള്ള ഇന്ധനത്തിന്റെ അളവിൽ അസന്തുലിതാവസ്ഥയുണ്ടാകുന്നതാണ് ഫ്യുവൽ ഇംബാലൻസ്. ഇത്തരത്തിൽ ഇന്ധനത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകുന്നത് വിമാനത്തിന്റെ സ്ഥിരതയെ ബാധിക്കും.



