കൊച്ചി: റേഷന്‍ മൊത്ത സംഭരണ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന വിജിലൻസ് കേസിൽ മുൻ ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശ് എം.പി ഉള്‍പ്പെടെ അഞ്ചുപേരെ കുറ്റവിമുക്തരാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു.
അടൂര്‍ പ്രകാശിനെക്കൂടാതെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. രാജു, മുന്‍ ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍ ഒ. സുബ്രഹ്മണ്യന്, മുന്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസര്‍ കെ.ആര്. സഹദേവന്, ഡിപ്പോക്ക് അപേക്ഷിച്ച കെ.ടി. സമീര്‍ നവാസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സർക്കാറിന്റെ പുനഃപരിശോധന ഹരജികൾ തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
2005ൽ അടൂര്‍ പ്രകാശ് മന്ത്രിയായിരിക്കെ കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തില്‍ മൊത്ത ഡിപ്പോ അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന കോൺഗ്രസ് നേതാവ് എൻ.കെ. അബ്ദുറഹ്മാന്റെ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.



