ദുബായ് : മന്ത്രി സജി ചെറിയാന് എതിരായ പ്രസ്താവന തിരുത്തി റാപ്പർ വേടൻ. കലാകാരൻ എന്ന നിലയിൽ തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മന്ത്രി സജി ചെറിയാനെന്ന് വേടൻ പറഞ്ഞു. തന്നെ അദ്ദേഹം അപമാനിച്ചതായി കരുതുന്നില്ല. ഈ പുരസ്കാരം തന്നെപ്പോലുള്ള സ്വതന്ത്ര കലാകാരന്മാരെ സഹായിക്കുന്ന കാര്യമാണ്. തന്നെ കാണുകയും കേൾക്കുകയും ചെയ്യുന്ന ജനങ്ങളോടാണ് നന്ദി പറയാനുള്ളതെന്നും വേടൻ പറഞ്ഞു.
സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിനു തുല്യമെന്നും പാട്ടിലൂടെ മറുപടി നൽകുമെന്നും ആയിരുന്നു വേടന്‍ നേരത്തെ പറഞ്ഞിരുന്നത്. വേടനു പോലും അവാര്‍ഡ് നല്‍കിയെന്ന മന്ത്രിയുടെ പരാമർശത്തിന് എതിരെയാണ് വേടൻ രംഗത്തെത്തിയത്. ‘‘എനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചു. വ്യക്തി ജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവുണ്ട്’’ – വേടൻ പറഞ്ഞു.



