തിരുവനന്തപുരം: മദർ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എറണാകുളം വല്ലാർപാടം ബസലിക്കയിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പയുടെ പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി അറിയപ്പെടുന്ന മദർ ഏലീശ്വ രാജ്യത്തെ ആദ്യ തദ്ദേശിയ കർമലീത്താ സന്യാസിനി സഭയുടെ സ്ഥാപകയുമാണ്. കേരള കത്തോലിക്കാ സഭയ്ക്ക് ഇത് ധന്യ നിമിഷമാണ്. ധന്യ മദർ ഏലീശ്വാ ഇനിമുതൽ വാഴ്തപ്പെട്ട മദർ ഏലീശ്വയായി അറിയപ്പെടും. കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്കുളള യാത്രയിൽ ഒരു പടികൂടി കടന്നിരിക്കുന്നു മദർ ഏലീശ്വ. വല്ലാർപാടം ബസലിക്കയിൽ വരാപ്പുഴ അതിരൂപതാ മെത്രാൻ ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറന്പിലാണ് ചടങ്ങിൽ ധന്യ മദർ ഏലീശ്വയെ വാഴ്ത്തവളായി പ്രഖ്യാപിക്കണമെന്ന് വത്തിക്കാനോട് ആവശ്യപ്പെടുന്ന ചടങ്ങ് പൂർത്തിയാക്കിയത്. മാർപാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാങ് രൂപതാ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധി ഡോക്ടർ ലയോ പോൾ ദോ ജെറില്ലി വത്തിക്കാന്‍റെ സന്ദേശം വായിച്ചു. തുടർന്നായിരുന്നു പ്രഖ്യാപനം. മദറിന്‍റെ തിരുശേഷിപ്പ് വല്ലാർപാടം പളളിയിലെ അൾത്താരയിൽ പ്രതിഷ്ഠിച്ചു.
കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കരുതപ്പെടുന്ന മദർ ഏലീശ്വ 1831 ൽ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കർമലീത്ത സന്യാസിനി സഭയായ തേഡ് ഓർഡർ ഓഫ് ഡിസ്കാൽസെഡ് കാർമലൈറ്റ്സിന് 1866 ൽ രൂപം നൽകി. 1913 ൽ ആയിരുന്നു മരണം. 2008ലാണ് മദർ ഏലീശ്വയെ കത്തോലിക്കാ സഭ ദൈവദാസിയായി പ്രഖ്യാപിച്ചത്. 2023ൽ ധന്യയായി പ്രഖ്യാപിച്ചു. കൃത്യം രണ്ട് വർഷം തികയുന്ന ദിവസമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർന്നത്.



