ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയുടെ നീണ്ട വർഷങ്ങളുടെ സേവനം ഒറ്റ സംഭവത്തിലേക്കു ചുരുക്കുന്നതു നീതികേടാണെന്ന് ശശി തരൂർ എം.പി. എൽ.കെ. അഡ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന പ്രസ്താവനയുടെ പേരിൽ ഉയർന്ന വിമർശനങ്ങളെ തള്ളിയ അദ്ദേഹം, ചൈനയോടു നേരിട്ട യുദ്ധ പരാജയത്തിന്റെ പേരിൽ ജവാഹർലാൽ നെഹ്റുവിന്റെയും അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയുടെയും സേവന സമഗ്രതയിൽ ആരും വിധിയെഴുതാറില്ലെന്നും പറഞ്ഞു. ‘ഇതേ മര്യാദ നാം അഡ്വാനിജിയോടും കാണിക്കണം’–തരൂർ വ്യക്തമാക്കി.
ശനിയാഴ്ചയാണ് അഡ്വാനിയുടെ 98–ാം പിറന്നാളിന് ശശി തരൂർ ആശംസ നേർന്നത്. ‘പൊതുസേവനത്തിൽ അദ്ദേഹത്തിന്റെ ഇളകാത്ത പ്രതിബദ്ധത, അദ്ദേഹത്തിന്റെ എളിമയും മാന്യതയും. ആധുനിക ഇന്ത്യയുടെ ഗതി നിർണയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കു മായ്ക്കാനാവില്ല’–സമൂഹമാധ്യമത്തിൽ തരൂർ കുറിച്ചു. പിന്നാലെ കോൺഗ്രസ് പ്രവർത്തകരടക്കം കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി.



