മുംബൈ: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു. താരത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഡോക്ടർമാർ ബുധനാഴ്ച സ്ഥിരീകരിച്ചു.മക്കളായ സണ്ണി ഡിയോൾ , ബോബി ഡിയോൾ എന്നിവരുൾപ്പെടെയുള്ള കുടുംബം നടനെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് വാര്‍ത്താ ഏജൻസിയായ പിടിഐ ധർമ്മേന്ദ്രയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 89കാരനായ നടൻ ആഴ്ചകളായി ആശുപത്രിയിലും പുറത്തും ചികിത്സയിലാണ്. “രാവിലെ 7.30 ഓടെയാണ് ധർമ്മേന്ദ്ര ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. വീട്ടിൽ തന്നെ ചികിത്സ നൽകാൻ കുടുംബം തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് വീട്ടിൽ തന്നെ ചികിത്സ നൽകും” ഡോ. പ്രതിത് സംദാനി പിടിഐയോട് പറഞ്ഞു. ധര്‍മേന്ദ്രയുടെ വസതിയിലേക്ക് ആംബുലൻസ് പോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.



