ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രിമുഴുവന്‍ സാഹചര്യം വിലയിരുത്തി. എല്ലാ കുറ്റവാളികളെയും പിടികൂടുമെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനയുടെ കേന്ദ്രം കണ്ടെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭൂട്ടാന്‍ സന്ദര്‍ശത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ ഭാരിച്ച ഹൃദയത്തോടെയാണ് താനിന്നിവിടെ വന്നതെന്ന് പറഞ്ഞ മോദി ഡല്‍ഹിയില്‍ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ‘ദുരിതം ബാധിച്ച കുടുംബങ്ങളുടെ ദുഃഖം ഞാന്‍ മനസിലാക്കുന്നു. ഇരകള്‍ക്ക് നീതി ഉറപ്പാക്കും’, മോദി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും ഇന്നലെ രാത്രി ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.



