പ്രമുഖ സിനിമാ നടി ഊർമിള ഉണ്ണി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഊർമിളയുടെ രാഷ്ട്രീയ പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാർ ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
നൃത്തം, സീരിയൽ, സിനിമ എന്നീ രംഗങ്ങളിൽ സജീവമായിരുന്ന ഊർമിള ഉണ്ണി തൻ്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്. താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് ഊര്‍മിള പറയുകയുണ്ടായി. മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ അത്ര സജീവ പ്രവർത്തകയായിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.
കേരള സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഊർമിള ഉണ്ണിയുടെ രാഷ്ട്രീയ പ്രവേശനം ചൂടുള്ള ചർച്ചകൾക്ക് വഴിതെളിക്കുകയാണ്. കേരളത്തിൽ കൂടുതൽ താരങ്ങൾ ബിജെപിയിലേക്ക് എത്തുന്നതിന്റെ തുടർച്ചയായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.



