തൃശൂർ: മുൻ എംഎൽഎ അനിൽ അക്കര തൃശൂർ അടാട്ട് പഞ്ചായത്തിൽ വീണ്ടും മത്സരിക്കും. പതിനഞ്ചാം വാർഡിലാണ് സ്ഥാനാർഥിയാകുക. സിപിഎമ്മിന്റെ കുത്തക പഞ്ചായത്ത് തിരികെ പിടിക്കാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമായാണ് അദ്ദേഹം മത്സര രംഗത്തേക്ക് ഇറങ്ങുന്നത്.
തൃശൂർ ജില്ലയിലെ സിപിഎം മേധാവിത്വമുള്ള പഞ്ചായത്തുകളെ അട്ടിമറിച്ച് ഏതുവിധേനയും ഭരണം പിടിച്ചെടുക്കുക എന്നതാണ് കോൺഗ്രസ് പാർട്ടി ലക്ഷ്യംവെക്കുന്നത്. ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും തിളങ്ങിയ അനിൽ അക്കരയെ തന്നെ രംഗത്തിറക്കുന്നത്. ആദ്യമായി മത്സരിച്ച 2000ത്തിൽ 400ലധികം വോട്ടുകൾക്കും 2005ൽ 200ലധികം വോട്ടുകൾക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച അനിൽ അക്കര 2010ൽ ജില്ലാ പഞ്ചായത്തിലും 2016ൽ നിയമസഭയിലേക്കും മത്സരിച്ചു വിജയിച്ചു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി.
എന്നാൽ 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതോടെ മത്സരരംഗത്ത് നിന്ന് വിട്ടുനിന്നു. അനിൽ അക്കരയെ തിരികെ കൊണ്ടുവരുന്നതിലൂടെ പഞ്ചായത്തിൽ മുന്നേറ്റമുണ്ടാകാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കണക്കുക്കൂട്ടുന്നത്. കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് കഴിഞ്ഞ തവണ സിപിഎം അടാട്ട് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. അനിൽ അക്കരയെ സ്ഥാനാർഥിയാക്കി ഇവിടെ തിരിച്ചുവരവ് നടത്തുകയെന്നതാണ് കോൺഗ്രസിന്റെ ഉദേശം.



