അബുദാബി : കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി യാത്രക്കാർക്കു പുതുവർഷ സമ്മാനം പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സും ഇൻഡിഗോയും. ടിക്കറ്റ് നിരക്കിൽ വൻ ഇളവാണ് ഇൻഡിഗോ പ്രഖ്യാപിച്ചതെങ്കിൽ 35 ശതമാനം വരെ ഇളവുമായി ഇത്തിഹാദും രംഗത്തുണ്ട്.
ഇൻഡിഗോ പ്രഖ്യാപിച്ച നിരക്കിളവ് (ബ്ലാക്ക് ഫ്രൈഡേ) പ്രകാരം ഇന്നലെ മുതൽ 28നകം ടിക്കറ്റ് എടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ വിമാന ടിക്കറ്റിൽ ജനുവരി 7 മുതൽ ജൂൺ 30 വരെ യാത്ര ചെയ്യാം. ആഭ്യന്തര സെക്ടറിൽ കുറഞ്ഞത് 1799 രൂപയും രാജ്യാന്തര സെക്ടറിൽ 5999 ദിർഹവുമാണു നിരക്ക്. പ്രമോഷന്റെ ഭാഗമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആഭ്യന്തര സെക്ടറിൽ 2 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു രൂപയ്ക്കാണു വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. സേവന നിരക്കിൽ 70 ശതമാനം ഇളവുമുണ്ട്. തിരഞ്ഞെടുത്ത സെക്ടറിൽ ടിക്കറ്റിനൊപ്പം ബുക്ക് ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങൾക്കു 10 ശതമാനം നിരക്കിളവും വാഗ്ദാനം ചെയ്യുന്നു.
ഇത്തിഹാദ് എയർവേയ്സിൽ ഈ മാസം 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണു ടിക്കറ്റ് നിരക്കിൽ 35 ശതമാനം ഇളവ് (വൈറ്റ് ഫ്രൈഡേ സെയിൽ) ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ചു ജനുവരി 13 മുതൽ ജൂൺ 24 വരെ യാത്ര ചെയ്യാം. യുഎഇയിൽ സ്കൂൾ അടയ്ക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനാകും.



