പത്തനംതിട്ട : ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ സ്പീക്കർക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി ശ്രീനാദേവി കുഞ്ഞമ്മ. സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറി എന്നാണ് പരാതി. നിലവിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് ചിറ്റയം ഗോപകുമാർ. അടുത്തിടെയാണ് സിപിഐ വിട്ട് ശ്രീനാദേവി കോൺഗ്രസിൽ ചേർന്നത്.
ചിറ്റയം ഗോപകുമാർ നടത്തിയ പത്ര സമ്മേളനത്തിൽ ശ്രീനാദേവി സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതിനെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. പാർട്ടിക്കുള്ളിൽ തുടരാൻ കഴിയാത്ത തരത്തിലുള്ള സാഹചര്യമായതു കാരണമാണ് സിപിഐ വിട്ട് താൻ കോൺഗ്രസിൽ ചേർന്നത്. എന്നാൽ, ഇപ്പോഴും തന്നെ പിന്തുടർന്ന് ദ്രോഹിക്കുകയാണെന്നാണ് ശ്രീനാദേവി പറഞ്ഞത്.



