ഹോങ്കോങ് : ഹോങ്കോങ്ങിൽ ഭവന സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി. കാണാതായ 150 പേരെക്കുറിച്ച് ഇനിയും വിവരമില്ല. രക്ഷാപ്രവർത്തനം വെള്ളിയാഴ്ച അവസാനിച്ചു. എങ്കിലും വിശദപരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിന് മൂന്നോ നാലോ ആഴ്ച എടുത്തേക്കാം. 4600-ൽ അധികം ആളുകൾ താമസിക്കുന്ന സമുച്ചയത്തിലെ ഫയർ അലാമുകൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഞായറാഴ്‌ച ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പൂക്കൾ അർപ്പിക്കാൻ തായ്‌പോയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിനു സമീപം എത്തിയവരുടെ ക്യൂ ഒരു കിലോമീറ്ററിലധികം നീണ്ടു.
കിഴക്കൻ ഹോങ്കോങ്ങിലുള്ള ഭവനസമുച്ചയത്തിലെ 7 കെട്ടിടങ്ങൾക്ക് നവീകരണ പ്രവർത്തനം നടക്കുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തീപിടിത്തമുണ്ടായത്. 1948-ൽ ഒരു വെയർഹൗസ് തീപിടിത്തത്തിൽ 176 പേർ മരിച്ചതിന് ശേഷം ഹോങ്കോങ്ങിലുണ്ടായ ഏറ്റവും മാരകമായ തീപിടിത്തമാണിത്. നവീകരണ ജോലികൾ നടത്തിയിരുന്ന കമ്പനിയുടെ 11 ഉന്നത ഉദ്യോഗസ്ഥരെ അഴിമതി നിരോധന വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമുച്ചയത്തിലെ നവീകരണവുമായി ബന്ധപ്പെട്ട അഴിമതി, സുരക്ഷിതമല്ലാത്ത നിർമ്മാണ സാമഗ്രികൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.



