ഡൽഹി: പാർലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ആണവോർജബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ, ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 10 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക. രാവിലെ 10 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ പ്രതിപക്ഷ അംഗങ്ങളുടെ യോഗവും ചേരുന്നുണ്ട്.
മോദി അധികാരത്തിലേറിയതിനുശേഷം നടക്കാൻ പോകുന്ന ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് ഇത്തവണ ചേരുക. 15 ദിവസം മാത്രമാണ് സമ്മേളന കാലയളവിലെ പ്രവർത്തി ദിനങ്ങൾ. സഭാ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ സർക്കാർ തേടിയിരുന്നു. യുജിസിയെ മാറ്റി നിർത്തി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കുള്ള ഉന്നതവിദ്യാഭ്യാസ കമ്മിഷൻ രൂപവത്‌കരിക്കാനുള്ള ബില്ലും സിവിൽ ആണവമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിനുള്ള ആണവോർജബിൽ ഉം ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.



